പെരുമ്പാവൂര്‍: തോട്ടുവ-നമ്പിള്ളി റോഡിരികിൽ കാടും ചെടികളും വളർന്ന് കാഴ്ചകൾ മറയ്ക്കുന്നതിനെ തുടർന്ന് ചേരാനല്ലൂര്‍ ദേവമാതാ കപ്പേള ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. റോഡിന്റെ മറുവശത്തുള്ള വൈദ്യുത പോസ്റ്റും അപകടങ്ങൾക്ക് കാരണമാകുന്നതായി പ്രദേശവാസികൾ പറഞ്ഞു. 33 കെവി ടവറിലും വൈദ്യുത പോസ്റ്റിലും കാടുകയറി മൂടിയിരിക്കുകയാണ്.
20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അഞ്ചര കോടി രൂപ ചെലവില്‍ കഴിഞ്ഞ നവംബറിലാണ് റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്. ഇവിടെ ചെറിയ വളവ് ഉള്ളതും അപകടങ്ങൾക്ക് ഇടയാക്കുന്നു.
പ്രദേശത്ത് പാന്പ് ശല്യവും രൂക്ഷമാണ്. വിഷയത്തിൽ കൂവപ്പടി പഞ്ചായത്ത്, പിഡബ്ല്യുഡി അധികൃതർ, കെഎസ്ഇബി അധികൃതർ തുടങ്ങിയവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.